ഫ്ലോറിഡ: ഒരു വർഷത്തോളമായി അജ്ഞാത നമ്പറുകളിൽ നിന്ന് നിരന്തരം ഫോൺവിളികൾ നടത്തുകയും വ്യാജപരാതികൾ നൽകി യുവതിയെ ശല്യം ചെയ്യുകയും ചെയ്ത ഫ്ലോറിഡ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
പോർട്ട് ഓറഞ്ച് സ്വദേശിയായ 31 വയസുകാരൻ ലൂക്ക് ഹെർബർട്ട് ആണ് ഫ്ലാഗ്ലർ കൗണ്ടി ഷെരീഫ് ഓഫീസിന്റെ അന്വേഷണത്തിൽ പിടിയിലായത്. അന്വേഷണത്തിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതി യുവതിയെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ഫോൺവിളികൾ നടത്തിയതായി കണ്ടെത്തി.
ഒരു ആഴ്ചയ്ക്കിടെ മാത്രം 213 തവണയാണ് ഇയാൾ യുവതിയുടെ ഫോണിലേക്ക് വിളിച്ചത്. ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ നമ്പറുകളും ബ്ലോക്ക് ചെയ്ത നമ്പറുകളും ഉപയോഗിച്ചാണ് ഇയാൾ നിരന്തരം വിളികൾ നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഫോൺവിളികളിൽ ഒതുങ്ങാതെ, യുവതിയുടെ കുടുംബത്തിനെതിരേ ശിശുസംരക്ഷണ വകുപ്പിൽ വ്യാജ ശിശുപീഡന പരാതിയും ഇയാൾ നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ പരാതി അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് തെളിഞ്ഞു.
സൈബർ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
സ്റ്റോക്കിംഗ്, വ്യാജപരാതി നൽകൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നീട് പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.